സൗഹൃദത്തിന്റെ കൂട്ടായ്മകൂടിയാണ് പൊങ്കാല. ആറ്റുകാൽ പൊങ്കാല എന്നു കേൾക്കുമ്പോള്‍ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന മുഖമാണ് സിനിമാതാരം ചിപ്പിയുടേത്. പതിവു തെറ്റിക്കാതെ ഇത്തവണയും ചിപ്പി പൊങ്കാലയിടാൻ എത്തിയിരുന്നു. മോഹൻലാലിനെ നായകനാക്കി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന ചിത്രമായ തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാർഥനയായാണ് ഇത്തവണത്തെ പൊങ്കാല ഇടുന്നതെന്ന് ചിപ്പി പറഞ്ഞു.
ക്രിക്കറ്റിൽ സച്ചിൻ, ഫുട്ബോളിൽ മെസി, ആറ്റുകാൽ പൊങ്കാലയിൽ ചിപ്പി എന്ന സോഷ്യൽ മീഡിയയിലെ ട്രോളുകളോട് താരം പ്രതികരിക്കുകയും ചെയ്തു. ട്രോളുകൾ കാണാറുണ്ടെന്നും അതൊക്കെ രസമല്ലേ, നല്ലതല്ലേ എന്നും താരം പറഞ്ഞു. പൊങ്കാലയുടെ ബ്രാന്റ് അംബാസിഡർ ചിപ്പി എന്നാണ് എല്ലാവരുടെയും ട്രോൾ അഭിപ്രായം.
എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നും താരം കൂട്ടിച്ചേർത്തു. ചിപ്പിക്കു പുറമേ, നിരവധി സിനിമാ, സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും ആറ്റുകാൽ പൊങ്കാലയിടാൻ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു.
STORY HIGHLIGHT: chippy comments on trolls