Kerala

കെ കെ കൊച്ചിന് വിട ചൊല്ലി കേരളം: പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു | K K Kochu

കോട്ടയം: അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ചിന്‍റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ  സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.

രാവിലെ പത്ത് മണി മുതൽ കടുത്തുരുത്തി കമ്മൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി ആളുകളാണ് കെ.കെ  കൊച്ചിനെ അവസാനമായി കാണാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ദളിത് വാദവും അംബേദ്ക്കറിസവും ഉയര്‍ത്തുന്നവരില്‍ തനി വഴി സ്വീകരിച്ച സാമൂഹിക രാഷ്ട്രീയ പ്രവത്തകനായിരുന്നു കെ.കെ കൊച്ച് എന്ന കൊച്ചേട്ടന്‍. അരിക് ജീവിതത്തോട് പൊരുതി കോട്ടയം തലയോലപ്പറമ്പിലെ കുഴിയംതടത്ത് നിന്ന് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്ന ധിഷണശാലിയായിരുന്നു. തന്‍റെ ജനത അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക അടിമത്തം എന്ന് മാറുമെന്ന ആശങ്ക അദ്ദേഹത്തെ പോരാളിയാക്കി. മാര്‍ക്സിയന്‍, അംബേദ്ക്കര്‍ ചിന്തകളായിരുന്നു ആദ്യത്തെ കൂട്ട്. എന്നാല്‍ മാര്‍ക്സിയന്‍ തത്വങ്ങളുടെ പ്രായോഗികതയില്‍ നിരാശ തോന്നിയ അദ്ദേഹം ദളിത് പോരാട്ട ധാരയിലെത്തി.