തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്ആർടിസി, ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ സ്പെഷ്യൽ ട്രിപ്പ് സംവിധാനം ഒരുക്കിയത്. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി ഏകദേശം 106 ബസുകൾ ഉപയോഗിച്ച് അയ്യായിരത്തോളം ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കാൻ കെഎസ്ആര്‍ടിസിക്കായി. വികാസ് ഭവൻ ഡിപ്പോയിലും പരിസരത്തുമായാണ് പൊങ്കാല അർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
പൊങ്കാലയ്ക്ക് ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുന്നതിനുള്ള ക്രമീകരണം നടത്തുകയും വികാസ് ഭവൻ ഡിപ്പോയിലും പരിസരങ്ങളിലുമായി ഭക്തജനങ്ങൾക്കായി 5000 – ത്തോളം അടുപ്പ്, വെള്ളം ഉൾപ്പടെയുള്ള സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ കെഎസ്ആർടിസി മെഡിക്കൽ കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആവശ്യമായ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.
ബജറ്റ് ടൂറിസം ബസുകൾ തിരുവനന്തപുരം ലോ കോളേജ്, എഞ്ചിനീയറിങ് കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്തതുകാരണം സമയ താമസം വരുത്താതെ കൃത്യമായും ക്രമമായും ഭക്തർക്ക് പൊങ്കാലയ്ക്ക് ശേഷം തിരിച്ചു പോകുന്നതിന് സാധിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ ഏറെ സഹായകരവും സൗകര്യപ്രദവുമായതായ അനുഭവമായിരുന്നുവെന്ന് ഭക്തര്‍ പറഞ്ഞു.
വരും വർഷങ്ങളിലും വിപുലമായ രീതിയിൽ ആറ്റുകാൽ സ്പെഷ്യൽ ട്രിപ്പുകൾ സംഘടിപ്പിക്കുന്നതിന് കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയമാക്കുന്നതിന് അഭിമാനകരമായ പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും അഭിനന്ദിച്ചു.
content highlight : ksrtc pongala-trips-huge-success