Kerala

കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട; രാസ ലഹരി വിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ | Kochi drug hunt

കൊച്ചി: കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട. 120 ഗ്രാം എംഡിഎംഎ പിടികൂടി. കൊല്ലം സ്വദേശി കൃഷ്ണ കുമാര്‍ ആണ് പിടിയിലായത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനിയാണ് കൃഷ്ണകുമാർ.

അതേസമയം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടായേക്കും. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രണ്ട് കിലോയില്‍ അധികം വരുന്ന കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചവരെ കുറിച്ചും ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരെ കുറിച്ചുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ എസ്എഫ്‌ഐ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.