Kerala

നോ ഹോൺ ഡേയിൽ ഹോൺ മുഴക്കിയതിന് 49 വാഹനങ്ങളുടെ പേരിൽ കേസ്, 1.56 ലക്ഷം രൂപ പിഴ | No horn day

കൊച്ചി: ഹോൺ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തി സ്വകാര്യ ബസ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിലും പരിസരപ്ര​ദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവർമാരുടെ പേരിൽ കേസെടുത്തത്.

ന​ഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നോ ഹോൺ ദിനാചരണം നടത്തുന്നത്.

കൊച്ചി ന​ഗരത്തിലെ തിരക്കുള്ള ജം​ഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.