കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ഗാനവും കൊടിയും ഉപയോഗിച്ചതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഉപദേശക നോട്ടീസ് നൽകുമെന്നും ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ ബോർഡ് ആവശ്യപ്പെട്ടതായും പി എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ട്. ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് വിപ്ലവഗാനങ്ങൾ ആലപിച്ചത്.