കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു. ഇട്ടിവ വയല കോവൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് സംഭവം. ബാബുവും സുഹൃത്ത് ബാലചന്ദ്രനും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു പന്നിയുടെ ആക്രമണം. ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഇരുവർക്കും പരിക്കേറ്റിരുന്നു. ബാബുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്.
ഗുരുതര പരിക്കേറ്റ ബാബുവിനെ ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.