മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ ത്രീഡി സിനിമയായ ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ക്രേസിനെസ്സ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്.
കെ.എസ്. ഹരിശങ്കറിന്റെ മനോഹര ശബ്ദത്തിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻ ഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു.
മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന് ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.
STORY HIGHLIGHT: lovely movie song out now