മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിത്തം വഹിച്ച് ഗോകുലം മൂവീസ്. സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 ന് പ്രദർശനത്തിനെത്തും.
ഇപ്പോഴിതാ സിനിമയുടെ ഭാഗമായതിലും ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ഗോകുലം ഗോപാലന് നന്ദി അറിയിച്ച് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. പുതിയ പോസ്റ്ററിലും ലൈക്ക പ്രൊഡക്ഷന്‍സിനെ മാറ്റിയിട്ടില്ല. മുൻപ് ലൈക്കയിൽ നിന്ന് ചിത്രത്തിന്റെ റൈറ്സ് പൂർണമായും ഗോകുലം വാങ്ങി എന്നായിരുന്നു റിപ്പോർട്ടുകൾ.
ഗോകുലം മൂവീസുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതിൽ ടീം എമ്പുരാൻ സന്തോഷിക്കുന്നു. ഞങ്ങളുടെ ടീമിലും സിനിമയിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് ശ്രീ. ഗോകുലം ഗോപാലന് പ്രത്യേക നന്ദി. 2025 മാർച്ച് 27, ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു! കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുക!’ പൃഥ്വിരാജ് കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ഇതിനിടയിൽ സിനിമയുടെ ഒടിടി, ഓവര്‍സീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബ്യൂഷന്‍ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇപ്പോള്‍ ഗോകുലം മൂവീസ് കൂടി നിര്‍മാണത്തില്‍ പങ്കാളിയായതോടെ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
STORY HIGHLIGHT: prithviraj thanks gokulam gopalan