ജറുസലം: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) പ്രാദേശിക ലേഖകൻ അടക്കം 9 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ ഇന്നലെയുണ്ടായ 2 ആക്രമണങ്ങളിലാണ് 9 പേരും കൊല്ലപ്പെട്ടത്. മഹ്മൂദ് ഇസ്‌ലാമാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ. റമസാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്ന സംഘം സഞ്ചരിച്ച 2 വാഹനങ്ങൾക്കുനേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്.
അതേസമയം, ഹമാസിനെ സമ്മർദത്തിലാക്കാനായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം തടഞ്ഞുള്ള ഇസ്രയേൽ ഉപരോധം മൂന്നാം ആഴ്ചയിലേക്കു കടന്നു. പമ്പുകൾ പ്രവർത്തിപ്പിക്കാനാവാതെ വന്നതോടെ ഗാസയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. 2 വയസ്സിൽ താഴെയുള്ള കുട്ടികളിൽ മൂന്നിലൊരാൾ കടുത്ത പോഷകാഹാരപ്രശ്നം നേരിടുന്നതായി യുനിസെഫ് വെളിപ്പെടുത്തി. അതിനിടെ, വെടിനിർത്തൽ ഏപ്രിലിലേക്കു നീട്ടാനുള്ള പദ്ധതി യുഎസ് മുന്നോട്ടുവച്ചു. രണ്ടാംഘട്ട ചർച്ചയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കാനാണിത്. അമേരിക്കൻ ബന്ദിയെ വിട്ടയയ്ക്കുന്ന ദിവസം തന്നെ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കണമെന്നാണു ഹമാസ് നിലപാട്. ഇസ്രയേൽ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ചർച്ചയ്ക്കായി കയ്റോയിലെത്തിയിട്ടുണ്ട്.