ന്യൂഡല്‍ഹി: 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍-താല്‍ക്കാലിസ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഐബിഎയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നുവെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ) ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
content highlight: Bank holiday