Celebrities

മമ്മൂട്ടി ആരോഗ്യവാൻ; ക്യാൻസർ അഭ്യൂഹങ്ങള്‍ തള്ളി പിആർ ടീം – mammoottys team dismisses cancer rumours

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു

കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും മമ്മൂട്ടിയുടെ പിആർ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു.

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. കൂടാതെ സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും ടീം വ്യക്തമാക്കി.

‘അത് വ്യാജ വാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും.’ മിഡ്-ഡേ പത്രത്തോട് ടീം പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂര്‍ത്തിയായിരുന്നു. കൂടാതെ അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ബസൂക്ക 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

STORY HIGHLIGHT: mammoottys team dismisses cancer rumours