കഴിഞ്ഞ ദിവസം സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രസ്താവന പുറത്തിറക്കി സൈറ ബാനു. എ ആർ റഹ്മാന്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്നും തങ്ങള്‍ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും പുറത്തിറക്കിയ പ്രസ്താവനയിലൂടെ സൈറ ബാനു പറഞ്ഞു.
റഹ്മാന്റെ ആരോഗ്യത്തെക്കുറിച്ച് സൈറ ബാനു ഒരു ഓഡിയോ കുറിപ്പും പങ്കുവെച്ചിരുന്നു. ‘അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടെന്നും ആൻജിയോഗ്രാഫി നടത്തിയെന്നും എനിക്ക് വാർത്ത ലഭിച്ചു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു.’ ഓഡിയോ കുറിപ്പിലൂടെ സൈറ പറഞ്ഞു.
‘ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ ദയവായി ‘മുൻ ഭാര്യ’ എന്ന് പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു എന്നു മാത്രമാണ്, പക്ഷേ എന്റെ പ്രാർത്ഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, എല്ലാവരോടും, പ്രത്യേകിച്ച് കുടുംബത്തോടും ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി അദ്ദേഹത്തിന് വളരെയധികം സമ്മർദ്ദം നല്‍കരുത്, അദ്ദേഹത്തെ നന്നായി നോക്കുക. നന്ദി.’ സൈറ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് എ ആർ റഹ്മാനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.
STORY HIGHLIGHT: saira banu says she isnt his ex wife