Kerala

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കച്ചവടം; പ്രതിരോധിക്കാനാകാതെ വിദ്യാർഥി സംഘടനകൾ

കളമശേരി: ഗവ.പോളി‌‌ടെക്നിക് കോളജിലെ പെരിയാർ ഹോസ്റ്റലിൽ‍ നിന്നു കഞ്ചാവു പിടിച്ച സംഭവത്തിൽ ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ വിദ്യാർഥി സംഘടനകൾ. കേസിൽ പൊലീസ് പിടികൂടിയ 6 പേരുടെയും രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് കെഎസ്‌യുവും എസ്എഫ്ഐയും അന്യോന്യം ഉന്നയിക്കുന്ന ആരോപണങ്ങൾ ഇരു സംഘടനകൾക്കും പ്രതിരോധിക്കാൻ കഴിയാത്തതു ഹോസ്റ്റലിൽ വിദ്യാർഥികൾ രാഷ്ട്രീയഭേദമെന്യേ കഞ്ചാവു കച്ചവടം നടത്തിയെന്നതിനു തെളിവാണെന്നു പൊലീസ് കരുതുന്നു. ഹോസ്റ്റലിലേക്ക് ഒരു സംഘടനയുടെയും നേതാക്കൾക്കു പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ആദ്യം അറസ്റ്റിലായ, എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ. അഭിരാജിനെ സംഘടനയിൽ നിന്നു പുറത്താക്കിയിരുന്നു. രണ്ടാം ദിവസം അറസ്റ്റിലായവരിൽ ശാലിക് ഇടയ്ക്കുവച്ചു പഠനം നിർത്തിയെങ്കിലും പഠനകാലത്ത് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായിരുന്നു. ആഷിക്കും കെഎസ്‌യു പ്രവർത്തകനായിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും മറ്റും എസ്എഫ്ഐ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു. ശാലിക് സെക്രട്ടറിയായിരുന്ന യൂണിറ്റ് കമ്മിറ്റി പ്രവർത്തിക്കാത്തതിനാൽ പിരിച്ചുവിട്ടു പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അറസ്റ്റിലായവർ ഇപ്പോൾ അംഗങ്ങൾ പോലുമല്ലെന്നുമാണു കെഎസ്‌‌യു ജില്ലാ പ്രസിഡന്റ് കെ.എം.കൃഷ്ണലാലിന്റെ വാദം.

അംഗത്വം പോലുമില്ലാത്തവർക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് ചോദിക്കുന്നു. 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ആകാശുമായി കെഎസ്‌യുവിനു ബന്ധമില്ലെന്നു കൃഷ്ണലാൽ പറഞ്ഞു. ആകാശിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ആദിൽ കെ‌എസ്‌യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിരുന്നു. ഇയാൾക്കെതിരെ എസ്എഫ്ഐ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഇയാളെ കേസുമായി കൂട്ടിയിണക്കാനുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറയുന്ന അനുരാജാണ് ഒടുവിൽ പിടിയിലായത്. ഇയാളുടെ എസ്എഫ്ഐ ബന്ധം തെളിയിക്കുന്ന ദൃശ്യം കെഎസ്‌യുക്കാരും പുറത്തുവിട്ടിട്ടുണ്ട്. കഞ്ചാവു പിടിച്ചെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ആവശ്യപ്പെട്ടിട്ടുണ്ട്.