വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്ന് നിഗമനം. ഫെബിൻ്റെ സഹോദരിയുമായി തേജസിന് കല്യാണം വാക്കാൽ ഉറപ്പിച്ചിരുന്നു. ഉളിയക്കോവില്‍ സ്വദേശി ഫെബിന് ജോര്‍ജ് ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഫെബിന്റെ സഹോദരിയും തേജസും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതിക്ക് ബാങ്കിൽ ജോലി ലഭിച്ചതോടെ വീട്ടുകാർ ഈ വിവാഹത്തിൽനിന്ന് പിന്മാറി എന്നാണ് പോലീസ് പറയുന്നത്.
തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനുശേഷം ഇരുവരും അകല്‍ച്ചയിലായി. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്നും യുവതിയെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പല തവണ ഫെബിൻ്റെ കുടുംബത്തെ സമീപിച്ചിരുന്നു എന്നും പോലീസ് പറയുന്നു. ഫെബിൻ്റെ സഹോദരിയുമായുള്ള ബന്ധം വഷളായത് തേജസിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു എന്നാൽ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതിയായ തേജസ് കൊല്ലപ്പെട്ട ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. ഉടൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു. ഇതിനു പിന്നാലെ നഗരത്തിനടുത്ത് ചെമ്മാന്മുക്കില് തീവണ്ടിക്കു മുന്നില്‍ ചാടി തേജസ് ആത്മഹത്യ ചെയ്യുകയായിരുന്നു.
STORY HIGHLIGHT: kollam febins death case