Sports

തലങ്ങും വിലങ്ങും ഷഹീന്‍ അഫ്രീദിയെ തൂക്കിയടിച്ച് സിഫെര്‍ട്, ഇനി ടീമിൽ വേണ്ടെന്ന് ആരാധകര്‍ | Shaheen Afridhi

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ താരം ഒറ്റ ഓവറില്‍ വഴങ്ങിയത് 26 റണ്‍സാണ്

ഓക്ക്‌ലന്‍ഡ്: ലോകത്തിലെ ഏറ്റവും മികച്ച പേസറെന്നു പാകിസ്ഥാന്‍ ആരാധകര്‍ വിളിക്കുന്ന താരമാണ് ഷഹീന്‍ ഷാ അഫ്രീദി. എന്നാല്‍ അതെല്ലാം വെറുതെയാണെന്നും അമിത പ്രാധാന്യം കിട്ടിയ ആളാണ് ഷഹീന്‍ എന്നും അതേ ആരാധകര്‍ തന്നെ ഇപ്പോള്‍ നിരാശയോടെ പറയുന്നു.

താരത്തെ എല്ലാ ഫോര്‍മാറ്റിനുമുള്ള പാക് ടീമിലേക്ക് ഇനി പരിഗണിക്കേണ്ടെന്നും ആരാധകര്‍ തുറന്നടിച്ചു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ താരം ഒറ്റ ഓവറില്‍ വഴങ്ങിയത് 26 റണ്‍സാണ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സിഫെര്‍ട് ഷഹീന്റെ വേഗ പന്തുകളെ തലങ്ങും വിലങ്ങും സിക്‌സര്‍ പായിച്ചതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. നാല് പടുകൂറ്റന്‍ സിക്‌സറാണ് താരത്തിന്റെ ഒറ്റ ഓവറില്‍ സിഫെര്‍ട് അടിച്ചത്. ഈ ഓവറില്‍ മൊത്തം 26 റണ്‍സും പിറന്നു. മൂന്നോവര്‍ പന്തെറിഞ്ഞ താരം 31 റണ്‍സ് വഴങ്ങി ധാരാളിയായി.

സിഫെര്‍ട് 22 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 45 റണ്‍സെടുത്തു. താരത്തിനു അഞ്ച് റണ്‍സ് അകലെ അര്‍ധ സെഞ്ച്വറി നഷ്ടമായി. മത്സരത്തില്‍ 5 വിക്കറ്റ് വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. ആദ്യ പോരാട്ടത്തിലും കിവികള്‍ വിജയിച്ചിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ 2-0ത്തിനു മുന്നില്‍.

content highlight: Shaheen Afridhi 

Latest News