Kerala

ആദിവാസി ഊരുകള്‍ ഇനി സമ്പൂര്‍ണ വോട്ടര്‍ ഉന്നതികള്‍; 18 വയസ്സിനുമേല്‍ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി

കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും 18 വയസ്സിനുമേല്‍ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും, വരും തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ പോളിംഗ് ഉറപ്പാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ലക്ഷ്യമിടുന്നു. അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗാത്ര ഊരായ ഗൊട്ടിയാര്‍ക്കണ്ടി ഊരില്‍ 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആളുകളെയും കണ്ടെത്തി വോട്ടര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്ത്, ഏഴ് ആദിവാസി ഊരുകളില്‍ 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനായി.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് അട്ടപ്പാടിയിലെ ഏഴ് പ്രാക്തന ഗോത്ര ഊരുകളെ ദത്തെടുത്ത് അവയെ സമ്പൂര്‍ണ വോട്ടര്‍ ഉന്നതികളാക്കി മാറ്റിയത്. അഗളി ഐ. എച്ച്. ആര്‍. ഡി കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ (ഇ.എല്‍.സി.) നേതൃത്വത്തിലാണ് ഈ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്. മേലെ മൂലക്കൊമ്പ്, ഇടവാണി, മേലെ ഭൂതയാര്‍, മേലെ തുടുക്കി, ഗലസി, താഴെ തുടുക്കി, ഗോട്ടിയാര്‍ക്കണ്ടി എന്നീ പ്രാക്തന ഗോത്ര ഊരുകളിലെ 18 വയസ്സിനുമേല്‍ പ്രായമുള്ള മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ഇതിന്റെ പ്രധാന നേട്ടം. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ പ്രാക്തന ഗോത്ര വോട്ടര്‍ ഊരായി മേലെ മൂലക്കൊമ്പ് മാറി.

വോളണ്ടിയര്‍മാര്‍ ഏഴ് മണിക്കൂറോളം കല്‍നടയായി യാത്ര ചെയ്ത് മേലെ തുടുക്കിയിലെത്തി രാത്രി ക്യാമ്പ് ചെയ്താണ് വോട്ടര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഊരുകളില്‍ മാതൃഭാഷയായ കുറുമ്പ ഭാഷയില്‍ തിരഞ്ഞെടുപ്പ് അവബോധന പരിപാടിയായ ‘ചുനാവ് പാഠശാല’ യും സംഘടിപ്പിച്ചു. വോട്ടര്‍ പട്ടിക അപ്‌ഡേഷന്‍, തെറ്റുതിരുത്തല്‍, വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങളും ഊരുകളില്‍ നേരിട്ട് എത്തി പൂര്‍ത്തീകരിക്കാനായത് നേട്ടമായി. അട്ടപ്പാടി ഊരുകളിലെ ആയിരക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞു. ഇതില്‍ 2141 പേര്‍ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പ്പെടുന്ന ഇരുളര്‍, കാടര്‍ എന്നി ആദിവാസി വിഭാഗങ്ങളാണ്.

കൂടുതല്‍ ആദിവാസി സമുദായങ്ങളില്‍ ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കാനും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടാതെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായുള്ള മറ്റു കര്‍മപദ്ധതികളും ഇ.എല്‍.സി. കളുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. ഊരുകളിലെ ജനങ്ങളെ ജനാധിപത്യത്തിലേക് കൂടുതല്‍ ആകര്‍ഷിക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും ഇത്തരം പ്രചാരണങ്ങള്‍ വലിയ സഹായമാകുമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.