മതവിദ്വേഷ പരാമര്‍ശത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിനെതിരേ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് കമന്റായാണ് ഫ്രാന്‍സിസ് വിവാദ പരാമര്‍ശം നടത്തിയത്.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിനെ തള്ളി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ കമന്റ് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ വര്‍ഗീയശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കുകയും ഫ്രാന്‍സിസിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു. ‘കമന്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയില്‍ ആയത് തീര്‍ത്തും തെറ്റായിപ്പോയി. ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവന്‍ പേരോടും ഞാന്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാര്‍ട്ടി നിലപാടിന് വിപരീതമായ നിലയില്‍ കമന്റ് വന്നതില്‍ ഞാന്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു’ ഫ്രാൻസിസ് കുറിച്ചു
എന്നാൽ സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത 192 വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചു, കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവ്വം പ്രകോപനമുണ്ടാക്കി എന്നീ കുറ്റങ്ങളും ചുമത്തി മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്.
STORY HIGHLIGHT: police register case against cpm leader