ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെനും അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശം നൽകി ഹൈക്കോടതി. മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമർശം.
പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. നോട്ടീസ് നല്‍കിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചവര്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് നിയമാനുസൃതം എസ്‌ഐടിക്ക് മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഹേമാകമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം 36- ഓളം കേസുകള്‍ എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഇവര്‍ക്ക് നോട്ടീസും എസ്‌ഐടി നല്‍കിയിരുന്നു. പക്ഷേ തങ്ങളുമായി സഹകരിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ലെന്നും കേസുകള്‍ എഴുതി തള്ളേണ്ടി വരുമെന്നുമുള്ള നിലപാടാണ് പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചത്. ഇപ്പോൾ ഹൈക്കോടതിയും ഇവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.
തങ്ങള്‍ ഒരു കമ്മിറ്റിക്ക് മുമ്പാകെ ആ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് ചെയ്തത്. അതുമായി ബന്ധപ്പെട്ട് ഒരു കേസുമായി മുമ്പോട്ട് പോവുക എന്നത് അപ്രയോഗികമാണെന്ന നിലപാടാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും കൈക്കൊണ്ടിരിക്കുന്നത്.
STORY HIGHLIGHT: hema committee report