വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കി കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവ രുടെ എണ്ണം ആറായി. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് അപർണയെ തട്ടിപ്പിന്റെ ഭാഗമാക്കിയത്. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പോലീസ് പറഞ്ഞു. ജിതിൻ നിർദേശിച്ച പ്രകാരം ഹണിട്രാപ്പിൽ വീഴ്ത്തി കവർച്ച ചെയ്യാനാണെന്ന് അറിഞ്ഞാണ് അപർണ നാട്ടിലെത്തിയത്. തന്റെ മൊബൈൽ ഫോണിലാണു നഗ്നചിത്രങ്ങൾ പകർത്തിയതെന്നു കൊഴിഞ്ഞാമ്പാറ പൊലീസിനു അപർണ മൊഴിനൽകിയിരുന്നത്. മൊബൈലിൽനിന്നു ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഫൊറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും. പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. പിറ്റേന്നു രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ 2 യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ ജ്യോത്സ്യനെ പ്രതീഷ് അസഭ്യം പറഞ്ഞ് മുറിയിലേക്കു കൊണ്ടുപോയി മർദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു.
2 സ്ത്രീകൾ ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്റെ വീട്ടിലായിരുന്നു സംഭവം. മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ടു മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പൊലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്. കൊല്ലങ്കോട്ടെ വീട്ടിലെത്തിയ ജ്യോത്സ്യൻ കൊല്ലങ്കോട് പൊലീസിന്റെ നിർദേശപ്രകാരം കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
STORY HIGHLIGHT: palakkad honey trap