ബഹിരാകാശ യാത്രിക സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകൾ അറിയിക്കുന്നതായും മോദി പറഞ്ഞു. മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും. മോദി കുറിച്ചു. കൂടാതെ നിങ്ങളുടെ നേട്ടത്തിൽ 1.4 ബില്യൺ ഇന്ത്യക്കാർ അഭിമാനിക്കുന്നു. ആയിരം മൈലുകൾ അകലെയാണെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. പൂർണ ആരോഗ്യവാന്മാരായിരിക്കാനും ദൗത്യവിജയത്തിനും ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു. സുനിതയുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മോദി പറഞ്ഞു. 2016-ൽ അമേരിക്ക സന്ദർശിച്ച ഘട്ടത്തിൽ സുനിതയെ കണ്ടുമുട്ടിയതിനെ പറ്റിയും മോദി കത്തിൽ പറയുന്നുണ്ട്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണിൽ ഐഎസ്എസിലേക്കു പോയത്. സ്റ്റാർലൈനറിനുണ്ടായ സാങ്കേതികത്തകരാർമൂലം അതിലുള്ള മടക്കയാത്ര ഉദ്ദേശിച്ച പോലെ നടന്നിരുന്നില്ല.
STORY HIGHLIGHT: pm modi letter to nasa astronaut sunita williams