എല്ലാ തരം വിനോദങ്ങളും വിനോദ സഞ്ചാര യാത്രകളും വിലക്കി ബാലി. ഈ മാസം 29നാണ് വിലക്ക്. 24 മണിക്കൂർ സമയത്തേക്ക് ബാലിയിൽ എല്ലാ യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നെയ്പൈ ആഘോഷം നടക്കുന്നതിനാലാണ് ബാലിയിൽ യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്താവളം ഉൾപ്പെടെ ഈ ദിവസം അടച്ചിടും. ബാലിയിലെ ഹിന്ദുക്കൾക്ക് ഏറ്റവും പവിത്രമായ ഉത്സവമാണ് നിശബ്ദ ദിനം എന്നും അറിയപ്പെടുന്ന നെയ്പൈ. ഈ ദിവസം ബാലിയിലുള്ളവരെല്ലാം അവരുടെ വിശ്വാസം പരിഗണിക്കാതെ ഈ ആഘോഷത്തിൽ പങ്കാളികളാകുമെന്നതാണ് പ്രധാന സവിശേഷത.
നെയ്പൈ ആഘോഷം നടക്കുന്ന ദിവസം വരെ ബാലിയിൽ വൻ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ഈ വർഷം നെയ്പൈ, ഈദ് അൽ-ഫിത്തറും ഒരേ വാരാന്ത്യത്തിൽ വരുന്നതിനാൽ ലക്ഷക്കണക്കിന് ആഭ്യന്തര സഞ്ചാരികൾ വിനോദസഞ്ചാരികൾ രാജ്യത്തുടനീളം സഞ്ചരിക്കുമെന്നതും കണക്കിലെടുക്കണം. കാരണം, ഇന്തോനേഷ്യയിൽ ഈദ് അൽ-ഫിത്തർ അവധി ലെബരാൻ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾ കുടുംബത്തോടൊപ്പം ഈദ് അൽ-ഫിത്തർ ആഘോഷിക്കാൻ വീടുകളിലേക്ക് തിരികെ എത്തും. ഇതിനെ പലപ്പോഴും ഹോംകമിംഗ് എന്നും വിശേഷിപ്പിക്കാറുണ്ട്.
വിമാനത്താവളത്തിലും റോഡുകളിലും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാർച്ച് 29 ന് ദ്വീപിൽ യാതൊരു വിധത്തിലുള്ള യാത്രകളും അനുവദിക്കുന്നതല്ല. മിക്ക കടകളും റെസ്റ്റോറന്റുകളും മാർച്ച് 28 ന് നേരത്തെ തന്നെ അടയ്ക്കും. സാധാരണയായി 28ന് ഉച്ചയോടെ അടച്ച ശേഷം 30ന് ഉച്ചയ്ക്ക് ശേഷമേ തുറക്കുകയുള്ളൂ. കടകളിൽ പലതും ഒരാഴ്ചത്തേയ്ക്ക് പോലും അടച്ചിടാറുണ്ട്. അതിനാൽ ബാലിയിലുള്ളവരും ബാലിയിലേയ്ക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നവരും ഇക്കാര്യങ്ങൾ മനസിൽ വെച്ച് വേണം പ്ലാൻ തയ്യാറാക്കാൻ.
STORY HIGHLIGHTS: bali-to-ban-all-travel-activities-for-nyepi-day-on-march-29