Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; ‘ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു’, അഫാനെതിരെ ഉമ്മ ഷെമിയുടെ ആദ്യമൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചുവെന്നും ബോധം വന്നപ്പോൾ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നു.

സംഭവ ദിവസം 50,000രൂപ കടം തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങൾ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. യൂ ട്യൂബിൽ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് മൊഴി നൽകിയത്.

അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്. കേസിൽ ഷെമിയുടെ മൊഴി നിർണായകമാണ്. ഇതിലാണ് ഇപ്പോൾ അഫാനെതിരെ ഷെമി മൊഴി നൽകിയിരിക്കുന്നത്. മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി.

സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികൾ അഫാൻ പോലീസിനോട് വിശദീകരിച്ചു നൽകി.