Sports

ഐപിഎൽ ഉദ്ഘാടനത്തിന് 13 വേദികളിലും ആഘോഷമൊരുക്കി ബിസിസിഐ | BCCI

22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് 18-ാം സീസണ് തുടക്കമാകുന്നത്

കൊല്‍ക്കത്ത: ഐപിഎൽ പതിനെട്ടാം സീസണിൽ എല്ലാ വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താനൊരുങ്ങി ബിസിസിഐ. ഐപിഎല്ലിന് വേദിയാവുന്ന 13 സ്റ്റേഡിയങ്ങളിലും ആദ്യ മത്സരത്തിന് മുൻപ് വർണാഭമായ കലാവിരുന്ന് നടത്തും. ഐപിഎൽ കൂടുതൽ വർണാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ശനിയാഴ്ച കൊൽക്കത്തയിലാണ് മെഗാ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളും ഗായകരും ചടങ്ങിന്‍റെ ഭാഗമാവും. ഇതിന് പുറമെയാണ് മറ്റ് വേദികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാൻ ബിസിസിഐ തീരുമാനം. ഏതൊക്കെ സെലിബ്രിറ്റികളാകും വേദികളിലെത്തുക എന്ന കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ 18-ാം സീസണ് തുടക്കമാകുന്നത്.

ആദ്യ മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡില്‍ നിന്ന് വന്‍താരനിര അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പഠാണി, പഞ്ചാബി ഗായകൻ കരണ്‍ ഔജ്‌ല, അര്‍ജിത് സിംഗ് എന്നിവരെല്ലാം 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാനെത്തുമെന്നാണ് കരുതുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ ഇത്തവണയും കാണാനാകുക. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജിയോയും ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്സ്റ്റാറും ലയിച്ചശേഷമുള്ള ആദ്യ ഐപിഎല്‍ സീസണാണിത്.