കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തെ പൊതു സര്‍വ്വകലാശാലകളിലേതു പോലെ താല്‍ക്കാലിക വി.സിയെ നിയമിച്ചിട്ടുള്ള നിയമ സര്‍വകലാശാലയില്‍ യു.ജി.സിയുടെ പുതിയ നിയമം വരുന്നതിനു മുമ്പ് തിരക്കിട്ട് വി.സിയെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യപടിയായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടും, നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുമുള്ള വിജ്ഞാപനങ്ങള്‍ സര്‍വ്വകലാശാല പുറത്തിറക്കി. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജി ഫയല്‍ ചെയ്ത സര്‍ക്കാര്‍ തന്നെയാണ് നിയമ സര്‍വ്വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്സാണ് നിയമ സര്‍വകലാശാലയുടെ ചാന്‍സലര്‍. നിയമ സര്‍വ്വകലാശാലയുടെ നിലവിലെ നിയമത്തില്‍ ചാന്‍സലറുടെ പ്രതിനിധി കമ്മിറ്റിയിലില്ല. സര്‍ക്കാര്‍ പ്രതിനിധി, ബാര്‍ കൗണ്‍സില്‍ പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച്കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. യു.ജി.സിയുടെ പുതിയ കരട് ചട്ടത്തില്‍ സര്‍ക്കാര്‍ പ്രതിനിധിക്കു പകരം ചാന്‍സിലരുടെ പ്രതിനിധിയും യൂണിവേഴ്‌സിറ്റി പ്രതിനിധിയുമുണ്ടാകും.
യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധിയെ നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് കൊണ്ട് സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കാനായിരുന്നില്ല. പകരം സമാന്തരമായി സര്‍ക്കാര്‍തന്നെ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കുകയായിരുന്നു. അതിനിടെയാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കിയുള്ള കരട് നിയമം യു.ജി.സി പ്രസിദ്ധീകരിച്ചത്. കരട് നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സജീവമായുണ്ട്. നിയമസഭ പ്രമേയവും പാസ്സാക്കിയിരുന്നു.
നിയമ സര്‍വ്വകലാശാലയ്ക്ക് സമാനമായി നിലവിലെ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലും വി.സി മാരുടെ നിയമനം നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്നതിന്റെ തുടക്കമാണ് നിയമ സര്‍വ്വകലാശാലയിലെ സേര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണമെ ന്നറിയുന്നു. എന്നാല്‍ കമ്മിറ്റികള്‍ രൂപീകരിച്ച ചാന്‍സിലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജികള്‍ നിലവിലുള്ളത് കൊണ്ട് പുതിയ യു.ജി.സി നിയമം നടപ്പിലാക്കിയ ശേഷം വി.സി നിയമന നടപടികള്‍ ആരംഭിച്ചാല്‍ മതി എന്ന നിലപാടിലാണ് ഗവര്‍ണര്‍.
സര്‍ക്കാര്‍ പ്രതിനിധിയായി കേരള സര്‍വകലാശാല മുന്‍ വി.സി ഡോ. ബി. ഇക്ബാല്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധിയായി എം.ജി. സര്‍വകലാശാല മുന്‍വിസി ഡോ. സാബു തോമസ്, യു.ജി.സി പ്രതിനിധിയായി രാജസ്ഥാനിലെ ബിക്കാനര്‍ ടെക്‌നിക്കല്‍ സര്‍വ്വകലാശാല പ്രൊഫ സര്‍ എച്ച്.ഡി. ചരണ്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍. അതേസമയം, ചീഫ് ജസ്റ്റിസ്ചാന്‍സറായ നിയമ സര്‍വകലാശാല വി.സിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിയമ പണ്ഡിതരെ ഒഴിവാക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സേര്‍ച്ച് കമ്മിറ്റിയിലേക്ക് നിയമ പണ്ഡിതന്മാരെയാണ് നിയോഗിക്കുന്നത്.
എന്നാല്‍ നിയമ മന്ത്രി പ്രൊ ചാന്‍സിലറായ സര്‍വ്വകലാശാലയുടെ സേര്‍ച്ച് കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയും, ബാര്‍ കൗണ്‍സില്‍ പ്രതിനിധിയും നിയമ മേഖലയിലുള്ളവരല്ല. റിട്ടയേഡ് സര്‍ജന്‍, റിട്ടയേര്‍ഡ് കെമിസ്ട്രി അധ്യാപകന്‍ റിട്ടയേര്‍ഡ് എന്‍ജിനീയറിങ് അധ്യാപകന്‍ (UGC പ്രതിനിധി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സാങ്കേതിക സര്‍വ്വകലാശാല, കാര്‍ഷിക, ഫിഷറീസ്, വെറ്റ റിനറി, ആരോഗ്യ സര്‍വ്വകലാശാലകളില്‍ വി.സിയുടെ നിയമനത്തിന് ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയില്‍ അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവരെയാണ് നിയോഗിക്കാറുള്ളതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.
CONTENT HIGH LIGHTS; Rush to appoint VC at Law University: Legal scholars excluded from Law University search committee