കോൺഗ്രസ് ഓഫീസിൽ വച്ച് നേതാവിന് ക്രൂരമർദ്ദനമേറ്റതായി ആരോപണം. കായംകുളം സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റും ഭരണിക്കാവ് മുൻ മണ്ഡലം പ്രസിഡന്റുമായ ഭരണിക്കാവ് പള്ളിക്കൽ കട്ടച്ചിറ ദിലീപ് സദനത്തിൽ ദിലീപിനാണ് കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായത്.
കോയിക്കൽപന്തയ്ക്ക് സമീപമുള്ള ഓഫീസിൽ മണ്ഡലം പ്രവർത്തകരുടെ കമ്മിറ്റി കൂടുകയായിരുന്നു. ചർച്ച തുടങ്ങിക്കഴിഞ്ഞാണ് ദിലീപ് പങ്കെടുക്കാനെത്തിയത്. വേദിയിലിരുന്നവരുടെ വീഡിയോ എടുത്ത ദിലീപിനെ മണ്ഡലം പ്രസിഡന്റും സംഘവും അസഭ്യം പറയുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ഷർട്ടിന് ഷർട്ടിന്റെ കോളറിന് പിടിച്ച് പിന്നോട്ട് വലിക്കുകയും പോക്കറ്റിൽ ഇരുന്ന മൊബൈൽ പിടിച്ചു വാങ്ങിച്ച ശേഷം, ഫോണിന്റെ ലോക്ക് മാറ്റി കൊടുത്തില്ലെങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
ദളിത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ദിലീപ് നാളുകളായി കടുത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഭരണിക്കാവ് പഞ്ചായത്തിലെ ഇടതുപക്ഷ അംഗം പ്രസിഡന്റായ ചെറുമൺ ക്ഷേത്രത്തിലെ ഉപദേശക സമിതിയുമായി താൻ സഹകരിച്ച് പ്രവർത്തിക്കുന്നതാണ് ഒടുവിലത്തെ പ്രകോപനത്തിന് കാരണമെന്നും ദിലീപ് വിശദമാക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണ് എന്ന് അറിഞ്ഞു കൊണ്ടാണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും ദിലീപ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ ദിലീപ് പരാതി നൽകി. യോഗത്തിൽ ഉണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഇടപെട്ട് ദിലീപിനെ രക്ഷപ്പെടുത്തുകയായിരുന്നു.
STORY HIGHLIGHT: congress leader allegedly beaten up in congress office