റാഗിങ് വിഷയത്തിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരണം വേഗത്തിലാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. വിഷയത്തിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാൻ സമയം നീട്ടി ചോദിച്ച സർക്കാരിനോടായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയത്. കൂടാതെ ഇനി സമയം നീട്ടി ചോദിക്കരുതെന്നും സർക്കാരിനോട് പറഞ്ഞു. ഒരു മാസത്തെ സമയമാണ് സർക്കാർ ചോദിച്ചതെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ ഡിവിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്.
റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കാൻ മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. സമഗ്രമായ ചട്ടങ്ങൾ രൂപീകരിക്കാനും ആവശ്യമെങ്കിൽ നിയമഭേദഗതിക്കുമായി നിർദേശങ്ങൾ ലഭ്യമാക്കാൻ വ്യക്തികളെയും സാമൂഹിക സംഘടനകളെയും അടക്കം വിവിധ മേഖലകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
വർക്കിങ് ഗ്രൂപ്പ് രൂപീകരണം സംബന്ധിച്ച് കരട് നിർദേശങ്ങൾ നൽകാനായിരുന്നു ഈ മാസം അഞ്ചിനു ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നത്. യുജിസി, കെൽസ പ്രതിനിധികളെയും വർക്കിങ് ഗ്രൂപ്പിൽ പരിഗണിക്കണമെന്ന് നിർദേശിച്ച കോടതി, വിവിധ മേഖലകളിൽ നിന്നുള്ളവരെയും ഇതിലേക്ക് പരിഗണിക്കാൻ സർക്കാരിനോട് നിർദേശിച്ചു.
STORY HIGHLIGHT: anti ragging working group formation