കൊല്ലം: പോക്‌സോ കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവിനും 2,10,000 രൂപ പിഴയൊടുക്കാനും ശിക്ഷ. നാലാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് അഴൂർ പെരുമാതുറ മാടൻവിള തൈവിളാകം വീട്ടിൽ അബ്ദുൾ റസാഖിനെയാണ് (56) കരുനാഗപ്പളളി ഫാസ്റ്റ്ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 21 മാസം കൂടി ശിക്ഷയനുഭവിക്കണം.
അതിജീവിത പത്താം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞാണ് പീഡനം വിവരം പുറത്തറിയുന്നത്. വിസ്താരത്തിൽ കൂട്ടുകാരിയെയും അധ്യാപകരേയും മാതാവിനെയും വിസ്തരിച്ചിരുന്നു. മാതാവ് പ്രതിഭാഗം ചേർന്നു മൊഴി നൽകി. സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് സാമ്പത്തിക സഹായം നൽകാനുള്ള നടപടിയെടുക്കാൻ കൊല്ലം ജില്ല ലീഗൽ സർവീസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി.
ശൂരനാട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ജോസഫ് ലിയോൺ അന്വേഷണം നടത്തി റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ ഹാജരായി. എഎസ്ഐ മേരി ഹെലൻ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.