Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് വിവരങ്ങൾ പി.വി.അന്‍വറിനു ചോര്‍ത്തി നൽകി; ഡിവൈഎസ്പിക്കു സസ്പെൻഷൻ – kerala dysp suspension information leak

അന്വേഷണത്തിൽ ക്രൈംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ.ഷാജിയാണു വിവരം ചോര്‍ത്തി നല്‍കിയതെന്നു കണ്ടെത്തി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറിനു വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎസ്പി എം.ഐ.ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അന്‍വറുമായി ഷാജി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരില്‍ കണ്ടുവെന്നും ഇന്റലിജന്‍സ് ഡിജിപിക്കു റിപ്പോർട്ട് നൽകി.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന ആരോപണവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അന്‍വർ ആരോപിച്ചു. തുടർന്നാണ്, ക്രൈംബ്രാഞ്ച് നല്‍കിയ രഹസ്യറിപ്പോര്‍ട്ട് അന്‍വറിനു ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചത്.

അന്വേഷണത്തിൽ ക്രൈംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ.ഷാജിയാണു വിവരം ചോര്‍ത്തി നല്‍കിയതെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി എടുത്തത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്‍കോട്ടേയ്ക്കു മാറ്റിയിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ച സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു.

STORY HIGHLIGHT: kerala dysp suspension information leak