2025-ലെ ഹയര്‍സെക്കൻഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിൽ കടന്നുകൂടി അക്ഷരത്തെറ്റുകള്‍. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്. ‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും ‘വലിപ്പത്തില്‍’ എന്ന വാക്കിനെ ‘വലിപ്പിത്തി’ലെന്നും ‘ഉല്‍ക്കണ്ഠകളെ’ ‘ഉല്‍ക്കണങ്ങളെ’ന്നും ‘ആധി’യെ ‘ആധിയ’മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്.
ഏഴു പേജുള്ള ചോദ്യക്കടലാസില്‍ പതിനെട്ടിലധികം അക്ഷരത്തെറ്റുകളാണ് ഉള്ളത്. ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് അക്ഷരത്തെറ്റുകൂടാതെ ഒരു വാചകം പോലും എഴുതാന്‍ ശേഷിയില്ലെന്ന് പരസ്യമായി പറഞ്ഞ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസവകുപ്പില്‍ ഇരിക്കേയാണ് പരീക്ഷാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ചോദ്യക്കടലാസ് അതും മലയാളത്തിൽ അച്ചടിച്ചു നല്‍കിയിരിക്കുന്നത്.
ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമായ ഈ സമീപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
STORY HIGHLIGHT: malayalam question paper spelling mistake controversy