Kerala

വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടു പേർ പിടിയിൽ – kumily sword incident arrest

വിജേഷിനെ പത്തനംതിട്ടയിൽ നിന്നും അരവിന്ദിനെ കുമളിയിൽ നിന്നും പിടികൂടുകയായിരുന്നു

പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐബിയ്ക്ക് സമീപം വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിേജഷ് വിജയൻ, കടമനാട് സ്വദേശി അരവിന്ദ് രഘു എന്നിവരാണ് പിടിയിലായത്. തേക്കടിയിലെ തമിഴ്നാട് ഐബിയ്ക്ക് സമീപമാണ് രണ്ട് വടിവാളുകൾ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

സംഭവം കണ്ടെത്തിയ ഉടൻ തന്നെ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇവർ കുമളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയുമായിരുരുന്നു. പുറത്ത് നിന്നും ഇവിടെ ജോലിക്കെത്തിയവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തേക്കടിയിൽ വെൽഡിങ് പണികൾക്കായി എത്തിയ ഇരുവരും ഇവിടെവച്ചാണ് വടിവാളുകൾ ഉണ്ടാക്കിയത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും വിജേഷ് രണ്ട് വടിവാളുകളുമെടുത്ത് പത്തനംതിട്ടയിലേക്ക് പോകാൻ ശ്രമം നടത്തുകയും ചെയ്തു. ചെക്ക് പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാളുകൾ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുമളി എസ്ഐ ജെഫി ജോർജിൻറെ നേതൃത്വത്തിലുള്ള സംഘം വിജേഷിനെ പത്തനംതിട്ടയിൽ നിന്നും അരവിന്ദിനെ കുമളിയിൽ നിന്നും പിടികൂടുകയായിരുന്നു.

STORY HIGHLIGHT: kumily sword incident arrest