കൊച്ചി/ നെടുമ്പാശ്ശേരി: രാജ്യത്തെ കാർബൺ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈഡ്രജൻ ഇന്ധന വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ബിപിസിഎല്ലിന്റെ പുനരുപയോഗ ഊർജ വിഭാഗം ബിസിനസ് ഹെഡ് രഞ്ജൻ നായരും അനെർട്ട് സിഇഒ നരേന്ദ്ര നാഥ് വെലുരിയും തമ്മിൽ ഒപ്പുവെച്ചു.
നഗരങ്ങൾ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സർവീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം വിമാനങ്ങൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കും. ഇതുവഴി കാർബൺ ബഹിർഗമനം പരമാവധി ഇല്ലാതെയാക്കാം. ചെറു വിമാനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനോടൊപ്പം എഞ്ചിനുകൾ പ്രവർത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും.
2070ഓടുകൂടി രാജ്യത്തെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാർബൺ എമിഷൻ) ലക്ഷ്യത്തിന്റെ ഭാഗമായാണ് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.
കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎൽ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജൻ റിഫ്യുവൽ സ്റ്റേഷനുകൾ (എച്ച്ആർഎസ്) വഴി വിമാനങ്ങൾക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ പ്രാദേശികമായി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ വികസനത്തിന് ആവിശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ബ്ലുജ് എയ്റോസ്പേസ് നൽകും.
ചെറുവിമാന സർവീസുകൾ ഉൾപ്പടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂർണ പരിവർത്തനമാണ് ഗ്രീൻ ഹൈഡ്രജൻ വഴി സാധ്യമാകുകയെന്ന് ബിപിസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി കൃഷ്ണകുമാർ പറഞ്ഞു. സുസ്ഥിര ഭാവിയിലേക്കുള്ള നൂതന ഊർജ പരിഹാരങ്ങൾ കണ്ടെത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ മനു ജി, സംസ്ഥാന ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസ്, കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മുൻ സെക്രട്ടറി ബുപീന്ദർ സിംഗ് ഭല്ല ഐഎഎസ്, സിജിഎം ഡോ. ഭരത് എൽ നെവാൽക്കർ, അനെർട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.