ഇന്ന് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയം എമ്പുരാൻ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഓപ്പൺ ആയതാണ്. ഒരു മണിക്കൂർ പിന്നിടും മുന്നേ സിനിമയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ഇപ്പോഴിതാ ഈ ചൂടത്തും തൃശ്ശൂർ ജില്ലയിലെ രാഗം തിയേറ്ററിന് മുന്നിൽ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന ആരാധകരുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തിയേറ്ററിന്റെ ഗേറ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ. ആ പരക്കം പാച്ചിലിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണത് നിരവധി പേരാണ്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്ന ആരാധകരുടെ വീഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
സമീപ കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ല. അതും കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു മണിക്കൂറിൽ തന്നെ സിനിമയുടെ അഞ്ച് ദിവസത്തെ ഷോകൾ രാഗം തിയേറ്ററിൽ ഫുള്ളായെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുമാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളുടെ ബുക്കിംഗ് നടക്കുന്നത്. 93. 50 k ടിക്കറ്റുകളാണ് ഒരു മണിക്കൂറിൽ എമ്പുരാന്റേതായി വിറ്റിരിക്കുന്നത്. സകല കളക്ഷന്‍ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രസ്റ് കാണിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.