ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. സംഭവത്തിൽ കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പോലീസിൽ പരാതി നൽകിയത്.
അമ്മയെയും മുത്തശ്ശിയെയും വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ ഭീഷണിപ്പെടുത്തി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും നടത്തിയത്. പോലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്നും സഹിച്ചതിന് കണക്കില്ലെന്നും ഗതികെട്ടാണ് മകനെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പ്രതികരിച്ചു.
STORY HIGHLIGHT: mother hands over drug addict son