World

പ്രതിസന്ധി ഒഴിഞ്ഞു, ഹീത്രൂ വിമാനത്താവളം വീണ്ടും തുറന്നു

വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു. അർദ്ധരാത്രി വരെ അടച്ചിട്ടതിന് ശേഷമാണ് വിമാനത്താവളം തുറന്നത്.

നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കും. ലണ്ടനിലെ പ്രധാന വിമാനത്താവളമായ ഹീത്രൂ അടച്ചതോടെ അന്താരാഷ്ട്ര വ്യോമ ഗതാഗതം പ്രതിസന്ധിയിലായിരുന്നു.

വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവിൽ വൈദ്യുതി തടസം നേരിട്ടത്. തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാർച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പ് പിന്നാലെയെത്തി.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാര്യം പോസ്റ്റ് ചെയ്തതിരുന്നത്.