കോഴിക്കോട്: പൊലീസിനും പ്രതിയുടെ കുടുംബത്തിനുമെതിരെ ആരോപണം ശക്തമാക്കി താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം. മകളുടെ പരാതിയിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിന് മാത്രമാണ് ശ്രമിച്ചത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണങ്ങൾക്ക് പുറമെ സംശയത്തിന്റെ പേരിലും മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് അബ്ദുറഹ്മാൻ ആരോപിച്ചു.
28-ാംതിയതി പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് വിളിച്ചു. രണ്ട് വീട്ടുകാരുമായും സംസാരിച്ചു. പൊലീസിനെ വരെ എതിർത്തു സംസാരിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും പിതാവ് ആരോപിക്കുന്നു. യാസിറിന്റെ മാതാപിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാണ്. മകളെ ഭീഷണിപ്പെടുത്തിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ട്. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടും യാസിർ വന്നില്ല. സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്ന് ഷിബില പറഞ്ഞിട്ടുണ്ട്. നാല് ബാങ്കിൽ ഷിബിലയുടെ പേരിൽ ലോൺ എടുത്തിട്ടുണ്ട്. ഷിബിലയെ ഉപയോഗപ്പെടുത്തി ലോൺ എടുത്ത് ആർഭാട ജീവിതം നയിക്കുകയായിരുന്നു.
യാസിറിന് കൃത്യമായ ശിക്ഷ കൊടുക്കണമെന്നും അല്ലെങ്കിൽ കയ്യും കാലും വെട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. പുറത്ത് വന്നാൽ തങ്ങളെ കൊല്ലുമെന്ന് ഭയമുണ്ട്. സംഭവ ദിവസം വീട്ടിൽ വന്നു സ്നേഹത്തോടെ പെരുമാറി. 10 മിനിറ്റ് വീട്ടിൽ ഇരുന്നു. കയ്യിൽ രണ്ട് കത്തി ഉണ്ടായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.