ന്യൂഡൽഹി: രണ്ടര വർഷത്തിനിടെ വിദേശയാത്രക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 258 കോടി രൂപ. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ 38 വിദേശയാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. 2023 ജൂണിൽ യുഎസ്സിലേക്ക് നടത്തിയ യാത്രയാണ് ഇതിൽ ഏറ്റവും ചെലവേറിയത്. 22 കോടി രൂപയാണ് ഈ യാത്രക്ക് ചെലവായത്.
മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീത്തയാണ് രാജ്യസഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ഇന്ത്യൻ എംബസികൾ ചെലവിട്ട തുകയുടെ വിശദമായ കണക്കാണ് ഖാർഗെ ചോദിച്ചത്. ഓരോ യാത്രയിലേയും ഹോട്ടൽ സൗകര്യങ്ങൾ, സ്വീകരണങ്ങൾ, ഗതാഗതം തുടങ്ങിയവയുടെ ചെലവുകൾ പ്രത്യേകമായി നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യാത്രകളിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഉദ്യോഗസ്ഥസംഘം, മാധ്യമസംഘം, സുരക്ഷ എന്നിവയുടെയെല്ലാം ചെലവുകൾ ഉൾപ്പെടുത്തിയ വിശദമായ മറുപടിയാണ് മന്ത്രി രാജ്യസഭയിൽ നൽകിയത്. 2022 മേയ് മുതൽ 2024 ഡിസംബർ വരെ മോദി നടത്തിയ വിദേശയാത്രകളുടെ കണക്കുകളാണ് മന്ത്രി നൽകിയത്.
2023 ജൂണിൽ യുഎസ്സിലേക്ക് നടത്തിയ യാത്രയ്ക്ക് 22,89,68,509 രൂപയാണ് ചെലവഴിച്ചത്. അതേസമയം 2024 സെപ്റ്റംബറിലെ യുഎസ് യാത്രയ്ക്ക് 15,33,76,348 രൂപയായിരുന്നു ചെലവ്. 2023 മേയിലെ ജപ്പാൻ യാത്രയ്ക്ക് 17,19,33,356 രൂപ, 2022 മേയിലെ നേപ്പാൾ യാത്രയ്ക്ക് 80,01,483 രൂപ എന്നിങ്ങനെയാണ് പ്രധാന വിദേശയാത്രകളുടെ ചെലവുകൾ.
പോളണ്ട് (10,10,18,686 രൂപ), യുക്രൈൻ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീൽ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ), ജർമ്മനി, കുവൈത്ത്, ഡെന്മാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബകിസ്താൻ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് 2022-നും 2024-നുമിടയൽ പ്രധാനമന്ത്രി യാത്ര നടത്തിയത്.