ഇംഫാൽ: മണിപ്പൂരിലെ കലാപ ബാധിതര്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഗുവാഹത്തിയിൽ എത്തി. ഇവിടെ നിന്ന് ഇംഫാലിലേക്ക് ഇവർ തിരിക്കും. ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂരിലേക്ക് പോകുന്നത്. മണിപ്പൂരിലെ കലാപബാധിതർ താമസിക്കുന്ന ക്യാമ്പുകളിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം സന്ദർശിക്കുന്നത്.
സംഘത്തിലെ അംഗം ജസ്റ്റിസ് എൻ കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ കെ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എൻ കെ സിങ് ഈ മേഖലയിലേക്ക് പോകുന്നില്ല എന്ന് തീരുമാനത്തിലേക്ക് എത്തിയത്. കലാപബാധിതർക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയും ഈ സംഘം നടത്തും.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക് പോകുന്നത്. നേരത്തെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.