India

59-ാമത് ജ്ഞാനപീഠ പുരസ്‌കാരം വിനോദ് കുമാര്‍ ശുക്ലയ്ക്ക് – jnanpith award vinod kumar shukla

59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. ഛത്തീസ്ഗഢില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, കഥാകാരന്‍, കവി, എന്നീ നിലകളില്‍ പ്രശസ്തനാണ്. എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, പ്രഫുല്ല ഷിലേദാര്‍, ജാനകി പ്രസാദ് ശര്‍മ, മധുസൂദന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

11 ലക്ഷം രൂപയും സരസ്വതിയുടെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഛത്തീസ്ഗഢില്‍ നിന്ന് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ എഴുത്തുകാരനാകും വിനോദ് കുമാര്‍ ശുക്ല. ഹിന്ദി സാഹിത്യത്തിനും സര്‍ഗാത്മകതയ്ക്കും സവിശേഷമായ എഴുത്ത് ശൈലിക്കും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി അദ്ദേഹത്തിന് നല്‍കുന്നത്.

ഇതൊരു വലിയ പുരസ്‌കാരമാണ്. എന്റെ ജീവിതത്തില്‍ ഇത് ഉത്തരവാദിത്വത്തിന്റെ സൂചനയാണ്, പുരസ്‌കാരവിവരം അറിഞ്ഞശേഷം വിനോദ് കുമാര്‍ ശുക്ല പറഞ്ഞു. എഴുതാന്‍ തനിക്ക് ഒരുപാടുണ്ടായിരുന്നു. കുറച്ചേ എഴുതാന്‍ കഴിഞ്ഞുള്ളു. അനുഭവിച്ചതും കേട്ടതും ഒരുപാടുണ്ട്. എന്നിട്ടും എഴുതിയത് കുറച്ചേയുള്ളു. വിനോദ് കുമാര്‍ ശുക്ല വ്യക്തമാക്കി.

STORY HIGHLIGHT: jnanpith award vinod kumar shukla