ന്യൂഡൽഹി: വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം ശക്തമായി നിഷേധിധിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ. സ്റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന വസതിയിൽനിന്നു വേറിട്ടാണു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ആളുകൾക്കു പ്രവേശിക്കാനും ഉപയോഗിക്കാനും കഴിയുന്ന മുറിയാണ് അതെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയ്ക്കു നൽകിയ വിശീകരണത്തിൽ ജഡ്ജി യശ്വന്ത് വർമ ചൂണ്ടിക്കാട്ടി.
‘‘ഉപയോഗിക്കാത്ത ഫർണിച്ചറുകൾ, കുപ്പികൾ, പാത്രങ്ങൾ, മെത്തകൾ, പഴയ പരവതാനികൾ, സ്പീക്കറുകൾ, പൂന്തോട്ട ഉപകരണങ്ങൾ, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ചില വസ്തുക്കൾ എന്നിവ സൂക്ഷിക്കാൻ ഈ മുറി പൊതുവെ എല്ലാവരും ഉപയോഗിച്ചിരുന്നു. സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ മുൻവാതിലിലൂടെയും പിൻവാതിലിലൂടെയും പ്രവേശിക്കാം. പ്രധാന വസതിയുമായി ബന്ധമില്ല. അത് എന്റെ വീട്ടിലെ ഒരു മുറിയുമല്ല. തീപിടിത്തം ഉണ്ടായ ദിവസം ഞാനും ഭാര്യയും മധ്യപ്രദേശിലായിരുന്നു. മകളും വയോധികയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
അർധരാത്രിയോടെ തീപിടിത്തമുണ്ടായപ്പോൾ മകളും എന്റെ പ്രൈവറ്റ് സെക്രട്ടറിയും അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഞാനോ കുടുംബാംഗങ്ങളോ സ്റ്റോർറൂമിൽ ഒരിക്കലും പണം സൂക്ഷിച്ചിട്ടില്ല. തികച്ചും അസംബന്ധവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ കാര്യമാണിത്. ഇതിൽ ഗൂഢാലോചന സംശയിക്കുന്നു. എന്റെ വീട്ടിലെ ആരും ആ മുറിയിൽ കത്തിക്കരിഞ്ഞ രൂപത്തിൽ ഒരു കറൻസിയും കണ്ടിട്ടില്ല. ആരോപണങ്ങളിൽനിന്നു കുറ്റവിമുക്തനാക്കണം. ഒരു ജഡ്ജിയുടെ ജീവിതത്തിൽ പ്രശസ്തിയും സ്വഭാവവും പോലെ മറ്റൊന്നിനും പ്രാധാന്യമില്ല. അതു ഗുരുതരമായി കളങ്കപ്പെടുത്തുകയും പരിഹരിക്കാനാകാത്ത വിധം കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ആരോപണമാണിത്.’’– ജഡ്ജി യശ്വന്ത് വർമ പറഞ്ഞു.
സംഭവം പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതി അന്വേഷിക്കും. ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികൾ. റിപ്പോർട്ടും അനുബന്ധ രേഖകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞദിവസം പറഞ്ഞ ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇന്നലെ നിലപാടു മാറ്റി.