Prithviraj bought a bungalow worth Rs 30 crore in Pali Hill, Bandra West.
“ഊണിലും ഉറക്കത്തിലും എന്തിന് ശ്വാസമെടുക്കുമ്പോൾ പോലും പൃഥ്വിയ്ക്ക് സിനിമ എന്ന ഒറ്റ ചിന്തയേ ഉള്ളൂ”- കഴിഞ്ഞ ദിവസം എംപുരാന്റെ മുംബൈയിൽ വച്ചു നടന്ന ഐമാക്സ് റിലീസ് ഇവന്റിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്. ലാലേട്ടന്റെ ഈ വാക്കുകളിൽ തന്നെയുണ്ട് പൃഥ്വിരാജിന് സിനിമയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്.
നടൻ എന്ന ലേബലിനപ്പുറം താൻ മികച്ച സംവിധായകനും നിർമാതാവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡിൽ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു, അന്യ ഭാഷകളിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ വരെ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. തന്റെ പുതിയ ചിത്രമായ എംപുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാൻ.
ഇപ്പോഴിതാ പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 2006 ലെ അഭിമുഖമാണ് ആരാധകർ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാൻ കാരണം മലയാള സിനിമ നാല് പേർ കൂടുതൽ അറിഞ്ഞാൽ, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാൻ വലിയ സ്റ്റാറുമാകണം.
എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയറ്ററിൽ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം.- പൃഥ്വി പറഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
‘അന്ന് ഇത് പറഞ്ഞപ്പോ അഹങ്കാരി എന്ന് മുദ്രകുത്തി, ഇന്ന് അയാളുടെ പടത്തിന് ടിക്കറ്റ് കിട്ടാൻ ഓടുന്നു’, ‘ഇങ്ങേര് തന്നെ ഇല്ലുമിനാറ്റി’, ‘രാജപ്പാ.. എന്ന് വിളിച്ചിരുന്നവരെ കൊണ്ട് രാജുവേട്ടാ… എന്ന് അയാൾ എന്ന് മുതൽ വിളിപ്പിച്ച് തുടങ്ങിയോ അന്ന് മുതൽ അയാൾ ഒരു സക്സസ്ഫുൾ പെഴ്സൺ ആയി മാറി’, ‘സിനിമ ഇൻഡസ്ട്രിയൽ നിന്നും എടുത്തു കളയാൻ നോക്കിയ മുതൽ. ഇന്ന് ഇൻഡസ്ട്രി എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നയാൾ’- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.