Sports

മെസി കേരളത്തിൽ വന്നിട്ടൊന്നും ഒരു കാര്യമില്ല: വിമർശനവുമായി പി.ടി. ഉഷ | P T Usha

ആ പത്ത് ദിവസം മാത്രം നമ്മള്‍ മെസിയെ ഓര്‍ക്കുകയുള്ളൂ എന്ന അവസ്ഥയാകരുതെന്നും ഉഷ പറഞ്ഞു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സന്ദര്‍ശനം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പിടി ഉഷ. അത്തരം താരങ്ങളെ കാണുമ്പോള്‍ നമ്മുടെ കളിക്കാര്‍ക്ക് പ്രചോദനം ലഭിക്കും. ആവേശം ഉണ്ടാകും. ആ അഭിനിവേശം തുടരാന്‍ നമ്മള്‍ അവരെ പ്രേരിപ്പിക്കണം. അതാണ് പ്രധാനമെന്ന് പിടി ഉഷ കൂട്ടിച്ചേര്‍ത്തു.

ആ പത്ത് ദിവസം മാത്രം നമ്മള്‍ മെസിയെ ഓര്‍ക്കുകയുള്ളൂ എന്ന അവസ്ഥയാകരുത്. പത്തുദിവസത്തിന് ശേഷം എല്ലാവരും എല്ലാം മറക്കും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സിസ്റ്റം അങ്ങനെയാണ്. പിടി ഉഷ കൂട്ടിച്ചേര്‍ത്തു. ഒളിംപിക്‌സില്‍ അഭിനവ് ഭിന്ദ്ര ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍, ആളുകള്‍ എന്റെ സ്വന്തം അത്ലറ്റിക്‌സ് സ്‌കൂളില്‍ വിളിച്ച് അവിടെ ഷൂട്ടിങ്ങ് റേഞ്ച് ഉണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് പിടി ഉഷ വ്യക്തമാക്കി.
ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊന്ന് വ്യത്യാസത്തിലാണ് എനിക്ക് മെഡല്‍ നഷ്ടമായത്. അപ്പോള്‍ പലരും പറഞ്ഞു, പി ടി ഉഷയ്ക്ക് ഒരു എക്‌സ്‌പോഷറും ഇല്ലായിരുന്നു, അതുകൊണ്ടാണ് തോറ്റത് എന്ന്. ഉഷയ്ക്ക് അന്താരാഷ്ട്ര പരിശീലനം നല്‍കുമെന്ന് പറഞ്ഞു. ധാരാളം പ്രഖ്യാപനങ്ങളും വലിയ പ്രസ്താവനകളും ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമേ അത് ഓര്‍മ്മിച്ചുള്ളൂ. പിടി ഉഷ പറഞ്ഞു. കൂടുതല്‍ സഹായം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ടിന്റു ലൂക്കയ്ക്ക് കൂടുതല്‍ അന്താരാഷ്ട്ര പരിശീലനം നല്‍കാമായിരുന്നു.

ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഒട്ടേറെ കായിക പ്രതിഭകള്‍ ഉണ്ട്. അവരെ മികച്ച കായികതാരങ്ങളായി വളര്‍ത്തിയെടുക്കുന്നതിന് നിരവധി ഘടകങ്ങള്‍ ആവശ്യമാണ്. പ്രതിഭകളെ നേരത്തെ തിരിച്ചറിയല്‍, ലോകോത്തര പരിശീലനം, കായിക ശാസ്ത്ര പിന്തുണ, ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകല്‍, ശക്തമായ സാമ്പത്തികവും വൈകാരികവുമായ പിന്തുണ തുടങ്ങിയവ അടിസ്ഥാന ഘടകങ്ങളാണ്.

അത്ലറ്റിക്‌സില്‍ കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ടെങ്കിലും, നിരവധി യുവ അത്ലറ്റുകള്‍ക്ക് സ്ഥിരമായ മാര്‍ഗനിര്‍ദേശത്തിന്റെ അഭാവം, ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള കഴിവ് തുടങ്ങിയ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പി ടി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലൂടെ, യുവ അത്ലറ്റുകള്‍ക്ക് ശാസ്ത്രീയ പരിശീലനവും ലോകോത്തര സൗകര്യങ്ങളും നല്‍കിക്കൊണ്ട് ഈ വിടവ് നികത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനുകൂലമായ സാഹചര്യം ഉണ്ടെങ്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ലോകോത്തര അത്ലറ്റുകളെ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോള്‍ രാജ്യത്തു നിന്നും കേരളത്തില്‍ നിന്നും കൂടുതല്‍ ഉഷമാര്‍ ഉദിച്ചുയര്‍ന്നു വരുന്നത് കാണാന്‍ കഴിയുമെന്നും പിടി ഉഷ കൂട്ടിച്ചേര്‍ത്തു.

content highlight: p t usha