‘സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹസത്യമേകമാം’
സത്യവും ഏകവുമായ സ്നേഹസാരത്തെപ്പറ്റിയുളള ഈ കവിതാശകലം നമുക്ക് സുപരിചിതമാണ്. നമ്മുടെ അനുദിന സംഭാഷണങ്ങളിലും ഏറെ സ്വാധീനമുള്ള പദമാണ് സ്നേഹം. സ്നേഹമെന്താണെന്നു നിർവ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ച ഒരസാധാരണ വ്യക്തിയാണ് സെയ്ന്റ് പോൾ. അദ്ദേഹം എഴുതി; ‘സ്നേഹം ദയയുള്ളതും ക്ഷമയുള്ളതുമാണ്, സ്നേഹം അസൂയപ്പെടുന്നില്ല, സ്വയം പ്രശംസിക്കുന്നില്ല, അഹങ്കരിക്കുന്നുമില്ല, സ്നേഹം പരുഷമല്ല, സ്വാർത്ഥം തേടുന്നില്ല, കോപിക്കുന്നില്ല, തിന്മ വിചാരിക്കുന്നില്ല, അത് അധർമ്മത്തിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ ആനന്ദം കൊളളുന്നു, എല്ലാം സഹിക്കുന്നു.’
ഇതു വായിക്കുന്ന ഏതൊരാൾക്കും തോന്നിയേക്കാവുന്ന ഒന്നാണ് സെയ്ന്റ് പോൾ എഴുതിയത് ഫ്രാൻസിസ് പാപ്പയെ മനസ്സിൽ കണ്ടു കൊണ്ടാണോയെന്ന്! അൻപത്തി അഞ്ച് വർഷത്തെ വചന ശുശ്രൂഷയിലൂടെയും സ്നേഹശുശ്രൂഷയിലൂടെയും വചനത്തിന്റെ ശക്തിയും സ്നേഹത്തിന്റെ സാന്ത്വനവും പകർന്ന് കൊടുത്തതിന്റെ ധന്യതയാണ് ഫ്രാൻസിസ് പാപ്പയുടെ അനുഗൃഹീത പൗരോഹിത്യത്തിനുളളത്. 1936 ഡിസംബർ 17 ന് ജനിച്ച പോപ്പ് ഫ്രാൻസിസ് (ജോർജ് മരിയോ ബെർഗോളിയോ) ,1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. 2013 മാർച്ച് 13 ന് ആഗോള കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാം മാർപാപ്പയായി പോപ്പ് ഫ്രാൻസിസിനെ തിരഞ്ഞെടുത്തു.
ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരിക്കുമ്പോഴാണ് അർജന്റീനക്കാരനായ പോപ്പ് ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനാരോഹണത്തിന് ശേഷം ആഗോള കത്തോലിക്കാ സഭ ഇതേവരെ കാണാത്ത പുതിയ മാറ്റങ്ങൾ പോപ്പ് ഫ്രാൻസിസ് നടപ്പിലാക്കി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്നാണ് ലോക മാധ്യമങ്ങൾ പോപ്പിനെ വിശേഷിപ്പിച്ചിരുന്നത്. സഭയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയരുമ്പോഴും വഴിയറിയാതലയുന്നവർക്ക് വഴികാട്ടിയാകാൻ വെമ്പുന്ന എളിമയുടെ, വിനയത്തിന്റെ ആൾരൂപമാണ് ഫ്രാൻസിസ് പാപ്പ. !
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും സ്മരിക്കണമെന്ന് പലരും അഭ്യർഥിക്കാറുണ്ട്. അതു കേൾക്കുമ്പോൾ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുമുണ്ട്. എന്നാൽ അത്തരം അപേക്ഷ കൂടാതെ തന്നെ ഫ്രാൻസിസ് പാപ്പയ്ക്ക് വേണ്ടി അനുദിനം പ്രാർത്ഥിക്കുന്ന കോടാനുകോടി ജനങ്ങളുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
ആരോടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, ഇന്ദ്രിയ സംവേദനം കൊണ്ട് കോപത്തെ ഹൃദയത്തിൽ നിന്ന് ആട്ടിപ്പായിച്ച ഫ്രാൻസിസ് പാപ്പ എപ്പോഴും ഒരു ഇളം കാറ്റുപോലെയാണ്. ഹൃദയം ചുട്ടുപഴുക്കുമ്പോൾ, ദേഹം ഉഷ്ണത്താൽ വിയർക്കുമ്പോൾ,തന്നെ ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ തഴുകി തലോടി സാന്ത്വനമേകി, അദ്ദേഹം കടന്നുപോകും.
കാറ്റ് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നുവെന്നോ നമുക്കറിയില്ല.അത് അധിക നേരം എവിടേയും തങ്ങി നിൽക്കാതെ അതിന്റെ വഴികളിലൂടെ കടന്ന് പോകുന്നു …
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും ഫ്രാൻസിസ് പോപ്പിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള യഥാർത്ഥ ബന്ധം സാധ്യമാകില്ലെന്ന് വിശ്വസിച്ച്, പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് പാപ്പയെ ലോകം ശാന്തിയുടേയും ഐക്യത്തിന്റേയും പുതിയൊരു മാതൃകയായാണ് കാണുന്നത് …
എഴുതപ്പെടുന്നതു പോലെ എല്ലാം വായിക്കപ്പെടണമെന്നില്ല, പറയപ്പെടുന്നതു പോലെ എല്ലാം പ്രവൃത്തിപഥത്തിലെത്തണമെന്നുമില്ല. പക്ഷേ, വാക്കും പ്രവൃത്തിയും സമന്വയിക്കുമ്പോഴേ ജീവിതം അർത്ഥ പൂർണ്ണമാകൂ എന്ന ചിന്തയോടെ നിറപുഞ്ചിരിയുമായി സദാ വ്യാപരിക്കുന്ന ‘ഫ്രാൻസിസ് പാപ്പ’ ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും നല്ല വ്യക്തിത്വമാണ്,നല്ലിടയനാണ് !
ആഗോള കത്തോലിക്കാ സഭയിൽ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു മഹത് വ്യക്തിത്വമാണ് ഫ്രാൻസിസ് പാപ്പ !
STORY HIGHLIGHT: joy k mathew