ഹമാസുമായി ഇസ്രയേൽ ആരംഭിച്ച യുദ്ധം 18–ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രണ്ടു മാസത്തെ വെടിനിർത്തലിനു ശേഷം ഗാസയിൽ വ്യാപകമായ രീതിയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർ കൂടി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50,021 ആയി ഉയർന്നു. ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് കരുതുന്നത്.
2023 ഒക്ടോബർ 7ന് ആണ് ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. 2025 ജനുവരി 18ന് വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു.
STORY HIGHLIGHT: israel hamas war