തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും ചേർത്തുകൊണ്ട് സംഘടനയിൽ ഉടൻ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.