കേരളത്തിലെ എയിംസിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ തീരുമാനമാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കും.
എയിംസിനായി സംസ്ഥാനം കണ്ടെത്തിയ സ്ഥലം കേന്ദ്ര സംഘം പരിശോധിക്കും. സ്ഥിരമായി വെള്ളം, വൈദ്യുതി, റോഡ് – വിമാനത്താവള കണക്റ്റിവിറ്റി എന്നിവയാകും പരിശോധിക്കുക. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംഘം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ സംബന്ധിച്ചിടത്തോളം എയിംസിന്റ കാര്യത്തിൽ സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് മെഡിക്കൽ കോളജിന്റെ കാര്യം പരിഗണനയിലുണ്ട്. സാധാരണ എയിംസ് അനുവദിക്കുമ്പോൾ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന കാര്യങ്ങളാണ് പരിഗണിക്കുന്നത്.കേരളത്തിലും അങ്ങിനെ തന്നെയാകും നടക്കുക. കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്നിവ കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.