ജനിമൃതികള്‍ക്കിടയിലെ ദൂരമളന്ന് , വിരാമചിഹ്നം കുറിക്കുന്ന ദൈവത്തിന്റെ സമ്മാനമാണ്, കാലത്തിന്റെ ഹ്രസ്വ ദീര്‍ഘങ്ങള്‍ അറിയാതെയുള്ള ഈ ജന്മം എന്നു വിശ്വസിക്കുന്ന, മക്കള്‍ക്കും ഭാര്യക്കും ബന്ധുമിത്രാദികള്‍ക്കും താന്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തനരംഗത്തുള്ളവർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ, അപകടം വരാതെ കാത്തു പരിപാലിച്ച കൃതാര്‍ത്ഥതയോടെ 90 വര്‍ഷം പിന്നിട്ട ശ്രീ സി.ഗോവിന്ദ മേനോൻ അതേ കൊല്‍ക്കത്ത മലയാളികളുടെ പ്രിയപ്പെട്ട മേനോന്‍ ചേട്ടന്‍ !
ആതുര സേവനത്തിന്റെ നാനാര്‍ത്ഥങ്ങളായി ലോകജനതയുടെ മനസ്സില്‍ വിരിയുന്ന ഫ്‌ളോറന്‍സ് നെറ്റിംഗേലിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ നമ്മുടെ മനസ്സുമന്ത്രിക്കും. ‘ lady with a lamp'(വിളക്കേന്തിയ വനിത). നവതി ആഘോഷത്തിന്റെ ഈ നാളുകളില്‍ ഞാനോർത്തു പോകുകയാണ് … നമ്മുടെ പ്രിയപ്പെട്ട മേനോന്‍ ചേട്ടനെ കുറിച്ച് ചിലര്‍ പറയാറുണ്ട് ‘A man with a lamp’ ആ നിര്‍വചനത്തിന്റെ വിശദീകരണം തേടിയപ്പോഴാണറിയുന്നത്. മേനോന്‍ ചേട്ടനോടൊപ്പം തന്റെ പ്രിയതമയായ പ്രഭാ മേനോനും ഉണ്ടാകുമെന്ന്. മേനോൻ ചേട്ടൻ എപ്പോഴും പ്രഭ ചേച്ചിയുമായിട്ടാണ് എവിടേയും പ്രത്യക്ഷപ്പെടാറുള്ളത്. പ്രഭ ചേച്ചി മേനോന്‍ ചേട്ടന് ജീവശ്വാസം പോലെയാണെന്ന് പറഞ്ഞാലും പ്രഭ ചേച്ചിക്ക് മേനോന്‍ ചേട്ടന്‍ ജീവ വായുവാണെന്ന് പറഞ്ഞാലും രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല !
പ്രഭ ചേച്ചിയുടെ കൊല്‍ക്കത്ത ജീവിതത്തില്‍ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക-ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കരുത്ത് പകരുന്നതും പ്രോത്സാഹിപ്പിക്കുന്നതും മാര്‍ഗ ദര്‍ശിയാകുന്നതും എല്ലാം മേനോന്‍ ചേട്ടനാണ്.
ഒരിക്കല്‍ ഒരു അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രഭ ചേച്ചിയോട് കേരളത്തിലെ ഒരു മുതിർന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ചേച്ചി മറുപടി പറഞ്ഞത് എന്നിലെ സർഗ വാസനകൾ തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിച്ചതും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നതും മേനോൻ ചേട്ടനാണ്. ഈ ജീവിതത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതെന്റെ ഭര്‍ത്താവ് ”മേനോന്‍ ചേട്ടന്‍” ആയത് കൊണ്ട് മാത്രമാണെന്ന്- അത്യന്തം അഭിമാനത്തോടെയായിരുന്നു ചേച്ചിയുടെ ആ മറുപടി.
ഇന്ത്യയില്‍ എവിടേയും പ്രഭ ചേച്ചി ഏറ്റെടുക്കുന്ന എല്ലാ പരിപാടികളിലും ശാരീരികമായും കാലാവസ്ഥപരമായും ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് പ്രഭ ചേച്ചിയേയും കൂട്ടി കൃത്യസമയത്ത് യഥാസ്ഥാനത്ത് എത്തിക്കുന്ന മേനോൻ ചേട്ടനെ കുറിച്ച് പ്രഭ ചേച്ചിക്ക് ഇതല്ലാതെ മറ്റെന്താണ് പറയാന്‍ കഴിയുക !
കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയിൽ അസി.അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുകയും അതേ കമ്പനിയുടെ ഡയറക്ടർ ആയി വിരമിക്കുകയും തുടർന്ന് കൊൽക്കത്തയിൽ വിവിധ ബിസിനസ് നടത്തുകയും ചെയ്ത മേനോൻ ചേട്ടനും പ്രഭ ചേച്ചിക്കും രണ്ട് മക്കളാണ് മൂത്തമകൻ ശബരീഷ് ഇന്ത്യൻ ആർമിയിലെ ലെഫ്റ്റ് കേണലായി ത്രിപുരയിൽ സേവനം ചെയ്യുന്നു.ഇളയ മകൾ ദീപ കൊൽക്കത്തയിലെ പ്രമുഖ സ്കൂളിലെ മുതിർന്ന അദ്ധ്യാപികയുമാണ്.
കൊൽക്കത്തയിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ,ജാതി മത രാഷ്ട്രീയം നോക്കാതെയുള്ള മേനോന്‍ ചേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സമൂഹ നന്മയ്ക്കുതകുന്നതാണ്. 90 വര്‍ഷം നീണ്ട തന്റെ ജീവിതം സമ്പൂര്‍ണ്ണമായും മാനവ സേവനത്തിനായി സമര്‍പ്പിച്ച മേനോന്‍ ചേട്ടന്‍ നമുക്ക് വലിയ പ്രചോദനമാണ്.
നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഒരു ജീവിതം നമുക്ക് മാതൃകയായി തീര്‍ത്ത മേനോന്‍ ചേട്ടന്റെ ‘തൊണ്ണൂറാം പിറന്നാള്‍’ നമുക്കാഘോഷിക്കാം.
മേനോന്‍ ചേട്ടന്‍ ഇടപെടുന്ന രംഗങ്ങളിലെല്ലാം സ്‌നേഹം കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും സമ്പന്നമാക്കുന്ന, ഹൃദയനന്മ സദാ കാത്തു സൂക്ഷിക്കുന്ന കൊൽക്കത്ത മലയാളികൾക്ക് പ്രിയപ്പെട്ട മേനോന്‍ ചേട്ടന്‍, കുടുംബ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കു തിളക്കമേറ്റി നന്മയുടെ തൂവെളിച്ചം വാരി വിതറി, നിറ പുഞ്ചിരിയോടെ, ഇനിയും അനവധി ദശാബ്ദങ്ങള്‍, ആത്മീയ പ്രകാശമായ പ്രഭ ചേച്ചിയോടൊപ്പം ഇവിടെയുണ്ടാകട്ടെ …
പ്രാർത്ഥന നിറഞ്ഞ പിറന്നാളാശംസകൾ !
സ്നേഹാദരപൂർവ്വം