സംസ്ഥാനത്തെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മാര്‍ഗ്ഗരേഖയായ ‘കേരള സെക്ടറല്‍ സൈബര്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍’ അംഗീകരിച്ചു. മാര്‍ഗ്ഗരേഖയുടെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷയായി ഒരു ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൈബര്‍ പ്രതിസന്ധിയെ കാര്യക്ഷമമായി നേരിടുന്നതിനും ദ്രുതഗതിയില്‍ പ്രതികരിക്കുന്നതിനും കരകയറുന്നതിനുമുള്ള ഏകോപനത്തിനായി സമഗ്രമായ അടിത്തറ സൈബര്‍ ക്രൈസിസ് മാനേജെന്റ് പ്ലാന്‍ മുഖേന നടപ്പിലാക്കും. സൈബര്‍ പ്രതിസന്ധികളുടെ തീവ്രത, പോളിസികള്‍, സൈബര്‍ പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ആഘാതം, സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ സ്റ്റേക്ക്ഹോള്‍ഡേഴ്സ് തമ്മിലുള്ള പ്രവര്‍ത്തനങ്ങളും ഏകോപനവും തുടങ്ങിയവ സെക്ടറല്‍ സൈബര്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാനില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുതിയ സൈബര്‍ സുരക്ഷാ ഭീഷണികള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍, പുതിയ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്ഫ്രാസ്ട്രക്ലറുകള് എന്നിവയെ അടിസ്ഥാനമാക്കി പദ്ധതി കാലാനുസൃതമായി പുതുക്കും.
ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം തയ്യാറാക്കിയ സൈബര്‍ ക്രൈസിസ് മാനേജെന്റ് പ്ലാനിനെ ആസ്പദമാക്കിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. വകുപ്പുതലത്തിലെ ഏകോപനത്തിനായി പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചിട്ടുണ്ട്.