തൃശൂർ നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തിൽ വിചാരണക്കോടതി വെറുതെവിട്ട 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതി. ഋഷികേഷ്, നിജിൻ, പ്രശാന്ത്, രശാന്ത് ബ്രഷ്ണേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാർ എന്നു കണ്ടെത്തിയ 5 പ്രതികളെ ഏപ്രിൽ 8ന് കോടതിയിൽ ഹാജരാക്കാനും ഉടൻ അറസ്റ്റ് ചെയ്യാനും കോടതി നിർദേശിച്ചു.
2015 മാർച്ചിലാണ് ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ പഴുവിൽ ദീപക്ക് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ 10 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ സംസ്ഥാന സർക്കാരും ദീപക്കിന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി ഇടപെടൽ. രാഷ്ട്രീയ കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കേസിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളായ പത്തു പേരായിരുന്നു പ്രതികൾ.
ബിജെപി പ്രവർത്തകനായിരുന്ന ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. റേഷൻ വ്യാപാരി കൂടിയായിരുന്ന ദീപക് പഴുവില്‍ സെന്ററിലുള്ള കട അടയ്ക്കാനൊരുങ്ങുന്ന സമയത്ത് വാനിലെത്തിയ സംഘം കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ, മണി എന്നിവർക്കും പരിക്കേറ്റിരുന്നു.
STORY HIGHLIGHT: pg deepak murder case