Kerala

വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണി; കലക്ടർക്കു പരാതി നൽകി വില്ലേജ് ഓഫിസർ – cpm threat village officer

ഭീഷണി കോളുകൾ തുടർന്നതോടെ വില്ലേജ് ഓഫിസർ പരാതി നൽകുകയായിരുന്നു

പത്തനംതിട്ട സിപിഎം ഏരിയ സെക്രട്ടറി എം.വി. സഞ്ജുവുമായുള്ള വില്ലേജ് ഓഫിസറിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ അജ്ഞാത ഭീഷണി കോൾ വന്നതായി കലക്ടർക്കു പരാതി നൽകി നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. കലക്ടർ പരാതി ആറന്മുള പോലീസിനു കൈമാറി. പോലീസ് ഇന്നു മൊഴിയെടുക്കും.

ഭീഷണിയുള്ള ഇതേ സ്ഥലത്തു ജോലിയിൽ തുടരാൻ പ്രയാസമാണെന്ന് വില്ലേജ് ഓഫിസർ മേലധികാരികളെ അറിയിച്ചെന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് വീടിന്റെ നികുതി കുടിശിക അടച്ചു തീർക്കണമെന്നാവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫിസർ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോൺ വിളിക്കുന്നത്. എന്നാൽ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫിസറെ വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാൽ സംഭാഷണം റെക്കോർഡ് ചെയ്ത് മനഃപൂർവം പ്രചരിപ്പിച്ചതല്ലെന്നും സേവ് ചെയ്യപ്പെടാത്ത നമ്പറുകളിൽ നിന്നുള്ള സംഭാഷണം റിക്കോർഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ ക്രമീകരണം എന്നും വില്ലേജ് ഓഫിസർ പറഞ്ഞു. അതേസമയം ഭീഷണി കോളുകൾ തുടർന്നതോടെ വില്ലേജ് ഓഫിസർ പരാതി നൽകുകയായിരുന്നു. വില്ലേജ് ഓഫിസർ ജോസഫ് അഴിമതിക്കാരനാണെന്നും മര്യാദകെട്ട നിലയിലാണ് തന്നോട് സംസാരിച്ചതെന്നും ഏരിയ സെക്രട്ടറി എം.വി. സഞ്ജു ആരോപിച്ചു.

STORY HIGHLIGHT: cpm threat village officer